, سهيل بن محمد، كلتوري
,
سلام على من اتّبع الهدى

Friday, April 1, 2016

മാര്‍ക്‌സിസത്തില്‍ നിന്ന് ഫാസിസത്തിലേക്ക്

മാര്‍ക്‌സിസത്തില്‍ നിന്ന് ഫാസിസത്തിലേക്ക് 


തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതിലും നല്‍കാതിരിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ചില മാനദണ്ഡങ്ങളുണ്ടാകും. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിലെ സീറ്റ് വിഭജനത്തിനു ശേഷമുള്ള പടലപ്പിണക്കങ്ങളില്‍ നിന്ന് മറ്റുപല ദുസ്സൂചനകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കിട്ടിയ സീറ്റിന്റെ എണ്ണത്തിലും വണ്ണത്തിലും തൃപ്തിയടയാത്തവരേക്കാള്‍ തീരെ സീറ്റ് കിട്ടാത്തവര്‍ തൊടുത്തുവിട്ട വിഷം പുരട്ടിയ അസ്ത്രങ്ങള്‍ ഇടതുമുന്നണിയുടെ, വിശിഷ്യാ സി.പി.എമ്മിന്റെ നെഞ്ചകം തകര്‍ക്കുന്നതാണ്. പാര്‍ട്ടി പ്രത്യയശാസ്ത്രവും കമ്മ്യൂണിസ്റ്റ് പാരമ്പര്യവും മുന്നണി മര്യാദയും കാറ്റില്‍പറത്തി 'സീറ്റുവിറ്റ് കാശാക്കുന്ന' സി.പി.എം ഫാസിസ്റ്റ് പാളയത്തിലേക്ക് പാലം പണിയാനുള്ള അണിയറ നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീറ്റ് നിഷേധിച്ചതിന്റെ ഈര്‍ഷ്യത്തില്‍ സഖാവ് ഗൗരിയമ്മ പറഞ്ഞ വാക്കുകളില്‍ ഇത് പച്ചവെള്ളംപോലെ പ്രകടമാണ്.

യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നെറികെട്ട നിലപാടിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഈ കേള്‍ക്കുന്നതെല്ലാം.മതേതര പാര്‍ട്ടികളുടെ നിലപാടുകള്‍ക്ക് അത്രമേല്‍ പ്രാധാന്യമുള്ള സാഹചര്യത്തിലാണ് ഇത്തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റ് സംഘങ്ങള്‍ പത്തിവിടര്‍ത്തിയാടുന്ന പശ്ചാത്തലത്തില്‍ നിന്ന് കറകളഞ്ഞ മതേതര പ്രസ്ഥാനങ്ങളാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കാലെടുത്തുവെക്കേണ്ടത്. മതനിരപേക്ഷ ശക്തികളുടെ ദൗര്‍ബല്യം സംഘ്പരിവാര്‍ മുതലെടുത്തതിന്റെ ദുരന്തഫലം ബി.ജെ.പി സര്‍ക്കാറിലൂടെ അനുഭവിക്കുകയാണ് ഇന്ന് രാജ്യം. സൂചിക്കുഴലിന്റെ പഴുത് കിട്ടിയാല്‍ പോലും പിടിച്ചുകയറാന്‍ തക്കംപാര്‍ത്തിരിക്കുന്ന സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ സര്‍വസന്നാഹങ്ങളാണ് മതേതര ബദലുകളുടെ കൈവശം വേണ്ടത്.

ബുദ്ധിയോടെയും വിവേകത്തോടെയും സാഹചര്യ ബോധത്തോടെയുമാണ് പൊതുതെരഞ്ഞെടുപ്പുകളില്‍ കരുക്കള്‍ നീക്കേണ്ടത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായി സംഘ്പരിവാര്‍ കൂട്ടായ്മകള്‍ എന്‍.ഡി.എ മുന്നണി രൂപീകരിച്ച് പോര്‍ക്കളത്തിലിറങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇവിടെയാണ് ഗൗരിയമ്മയുടേതടക്കം ഇടതുസഹയാത്രികരില്‍ നിന്നുള്ള നീക്കങ്ങളില്‍ ദുരൂഹതകള്‍ കാണുന്നത്.
തന്റെ ആയുഷ്‌കാലം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ത്യാഗം ചെയ്ത സഖാവ് ഗൗരിയമ്മയെ ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലാത്ത മന:സ്ഥിതിയിലേക്ക് പരിവര്‍ത്തിപ്പിച്ചത് ആരാണ്?. ലവലേശം സംശയമില്ലാതെ തറപ്പിച്ചു പറയാം, അതു സി.പി.എമ്മാണെന്ന്.

ഫാസിസത്തിനെതിരെ തേനില്‍ചാലിച്ച വര്‍ത്തമാനങ്ങള്‍ക്കപ്പുറം പ്രായോഗിക നലപാടുകള്‍ സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് കണ്ണുമഞ്ഞളിച്ച സി.പി.എം, രാജ്യത്ത് പ്രതിസന്ധിഘട്ടത്തില്‍ പോലും 'ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസിനെ തോല്‍പിക്കൂ' എന്ന വിചിത്ര മുദ്രാവാക്യമാണ് മുന്നോട്ടുവച്ചിരുന്നത്. അവസാനം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും രാജ്യം അതുകണ്ടതാണ്. ചെറുതും വലുതുമായ എല്ലാ മതേതര കക്ഷികളും ഒരു ചരടില്‍ കോര്‍ത്തുവച്ചപ്പോള്‍ അവിടെയും സി.പി.എം ഒറ്റക്കൊരു മൂലയിലിരുന്ന് ഫാസിസത്തെ സഹായിക്കുന്ന നിലപാടെടുക്കുകയായിരുന്നു.

കേരളപ്പിറവിക്കു മുമ്പേ ചെങ്കൊടിയേന്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ നേതാവാണ് കെ.ആര്‍ ഗൗരിയമ്മ. ജെ.എസ്.എസിന് സീറ്റ് നിഷേധിച്ച സി.പി.എമ്മിനോട് പകവീട്ടാന്‍ കാവിക്കൊടിയിലേക്ക് ചുവടുമാറിയാല്‍ അതുപക്ഷേ സി.പി.എമ്മിന്റെ നിലപാടിലെ വൈകൃതം വെളിച്ചത്തുകൊണ്ടുവരും. അങ്ങനെയൊരു അവിവേകം കാണിക്കാന്‍ ഗൗരിയമ്മ തയാറാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. തിരുകൊച്ചി നിയമസഭയിലേക്ക് മൂന്നു തവണയും കേരളപ്പിറവിക്കു ശേഷം 2011വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച ഗൗരിയമ്മക്ക് രാഷ്ട്രീയത്തിലെ സാധുതയും സാധ്യതയും ആരേക്കാളും നന്നായറിയാം. ജെ.എസ്.എസിന് സീറ്റു നല്‍കാതെ സി.പി.എം തഴഞ്ഞ വാര്‍ത്തയറിഞ്ഞ് ബി.ജെ.പിയുടെ ദൂതുമായി ഗൗരിയമ്മയുടെ അടുത്തേക്ക് ആദ്യം വന്ന രാജന്‍ബാബു ഈ ദൗത്യവുമായി മുന്നോട്ടുവന്നതും ഇക്കാരണത്താലാണ്. ഇനി ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയാല്‍ പോലും അത് തന്റെ രാഷ്ട്രീയ ജീവിതത്തിന് സി.പി.എം നല്‍കിയ തിരിച്ചടി താങ്ങാനാവാത്ത കാരണത്താലായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.

നേര്‍ക്കുനേര്‍ പോരാട്ടത്തിനു പകരം പൊതുസ്വതന്ത്രരെ പണച്ചാക്കിന്റെ തൂക്കംനോക്കി ഇടതുസ്ഥാനാര്‍ഥികളാക്കുന്നതില്‍ നേട്ടംകൊയ്യുന്നത് ബി.ജെ.പിയാണെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. പി.സി ജോര്‍ജിന്റെ ഭാഷയില്‍ ഫാരിസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനുമാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികള്‍ക്ക് ശരിയിടുന്നതെങ്കില്‍ അതില്‍ കൃത്യമായ രാഷ്ട്രീയ കച്ചവടം കാണാതിരിക്കാനാവില്ല. മാര്‍ക്‌സിസത്തില്‍ നിന്ന് ഫാസിസത്തിലേക്കുള്ള ഈ പാലം പണിക്കിടയില്‍ ഇനി പലതും പ്രബുദ്ധ കേരളം കാണാനിരിക്കുന്നേയുള്ളൂ.

കടപ്പാട് : ചന്ദ്രിക ദിനപത്രം

No comments :

Post a Comment