, سهيل بن محمد، كلتوري
,
سلام على من اتّبع الهدى

Sunday, April 3, 2016

കാലത്തിനൊപ്പം കേരളവും മുന്നോട്ട്

കാലത്തിനൊപ്പം കേരളവും മുന്നോട്ട്

അപകടങ്ങളില്‍ മരണമടയുന്നവരുടെ സംഖ്യ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംസ്ഥാനത്ത് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ വകുപ്പുകള്‍ സംയുക്ത പരിശ്രമത്തിലൂടെ അപകട മരണങ്ങള്‍ കുറക്കാനുള്ള ശ്രമത്തിലാണ്. ഇതിന് ഫലമുണ്ടായെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കും അമിതവേഗതയില്‍ പായുന്നവര്‍ക്കുമെതിരെ ഗതാഗത വകുപ്പും പൊലീസും കര്‍ശന നടപടി സ്വീകരിച്ചതോടെയാണ് അപകടമരണങ്ങളില്‍ കുറവുവന്നത്. പൊതുമരാമത്ത് വകുപ്പും സുരക്ഷിത യാത്ര എന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ തയാറാക്കി നടപ്പാക്കി. ലോക ബാങ്ക് ധനസഹായത്തോടെ, 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കഴക്കൂട്ടം - തൈക്കോട് - അടൂര്‍ റോഡിനെ ഒരു മോഡല്‍ റോഡ് സേഫ്റ്റി കോറിഡോറായി വികസിപ്പിക്കാനെടുത്ത തീരുമാനം ഇതിന്റെ ഭാഗമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് അപകട രഹിതമായ റോഡ് കോറിഡോര്‍ നടപ്പാക്കുന്നത്. 87 കോടി രൂപയാണ് പദ്ധതിയുടെ ചലവ്. വിജയപ്രദമായാല്‍ സംസ്ഥാനത്തെ മറ്റ് പ്രധാന റോഡുകളിലും പദ്ധതി നടപ്പാക്കും.

വാഹനങ്ങളുടെ അമിതവേഗത നിരീക്ഷിക്കുന്നതിന് ഇന്ന് ദേശീയ, സംസ്ഥാന പാതകളില്‍ നിരീക്ഷണ ക്യാമറകള്‍ സജ്ജമാണ്. കൂടാതെ അപകട രഹിത റോഡുകള്‍ എന്ന ലക്ഷ്യത്തോടെ പൊതുമരാമത്ത് വകുപ്പ് പ്രധാന ടൗണുകളിലും ഇപ്പോള്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, പറവൂര്‍ പട്ടണങ്ങളില്‍ 37 ജംഗ്ഷനുകളില്‍ 85 നീരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അതതിടങ്ങളിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ഇത് നിയന്ത്രിക്കപ്പെടുന്നത്. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനൊപ്പം പട്ടണങ്ങളില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ട്രാഫിക് നിയമലംഘനങ്ങളും നിയന്ത്രിക്കുന്നതിന് ഇത് സഹായകമാണ്. എഴുപത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. കൂടുതല്‍ ചെറുപട്ടണങ്ങളിലേക്ക് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അപകട രഹിത യാത്രക്ക് ഏറ്റവും പ്രധാനം മെച്ചപ്പെട്ട റോഡുകളാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിച്ചതിനൊപ്പം, അറ്റക്കുറ്റപണികളുടെയും ഗുണമേന്മ വര്‍ധിപ്പിച്ചു. പരമ്പരാഗത രീതിയിലുള്ള ചിപ്പിങ് കാര്‍പ്പെറ്റ് ഉപയോഗിച്ച് ഉപരിതലം പുതുക്കുന്നതിന് പകരം മെച്ചപ്പെട്ട ഗതാഗതം ഉറപ്പാക്കുന്നതിന് കൂടുതല്‍ റോഡുകളില്‍ ബി.എം ആന്റ് ബി.സി ഉപയോഗിച്ചായിരുന്നു അറ്റക്കുറ്റപണി നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 3670 കിലോമീറ്റര്‍ റോഡാണ് ഇത്തരത്തില്‍ പുതിയ രീതിയില്‍ ഉപരിതലം പുതുക്കിയത്. ഇതിനായി ഏകദേശം 3300 കോടി രൂപ ചെലവിട്ടു. ഇതുവഴി റോഡിന്റെ ഉപരിതലം യാത്രക്ക് സുഖപ്രദമാവുകയും വാഹനങ്ങളുടെ ഇന്ധന ക്ഷമത കൂടുകയും ചെയ്തു. യാത്രാസമയം 30 ശതമാനം കണ്ട് കുറക്കാനായെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും അറ്റക്കുറ്റപണി എന്ന രീതിക്കും ബി.എം ആന്റ് ബി.സി മാറ്റമുണ്ടാക്കി. ഒരിക്കല്‍ ഉപരിതലം പുതുക്കിയാല്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും കേടുപാടുകള്‍ ഉണ്ടാകാതെ നിലനില്‍ക്കുമെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. ഇതിന്റെ പ്രയോജനം റോഡുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും അതുവഴി യാത്രക്കാരായ പൊതുജനങ്ങള്‍ക്കും ലഭിക്കുന്നു.

സംസ്ഥാനത്ത് റോഡ് നിര്‍മാണത്തില്‍ നടപ്പാക്കിയ മറ്റൊരു വിപ്ലവമാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം. ഇത്തരം റോഡുകള്‍ ടാര്‍ റോഡുകളേക്കാള്‍ കൂടുതല്‍ വര്‍ഷങ്ങള്‍ ഈടു നില്‍ക്കുന്നവയും കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യവുമാണ്. ആദ്യത്തെ പ്രവൃത്തിയായി 5.5 കിലോമീറ്റര്‍ നീളമുള്ള കളമശ്ശേരി - മണലിമുക്ക് റോഡാണ് ഏറ്റെടുത്തത്. 15 കോടി രൂപ ചെലവുവരുന്നതാണ് പദ്ധതി. കേരളത്തിന്റെ ഭൂ പ്രകൃതിക്കും കാലാവസ്ഥക്കും കോണ്‍ക്രീറ്റ് റോഡുകളായിരിക്കും അഭികാമ്യമെന്നാണ് പഠനങ്ങള്‍ തളിയിക്കുന്നത്. നിര്‍മാണ ചെലവ് കൂടുതലാണെങ്കിലും കൂടുതല്‍ കാലം ഈടു നില്‍ക്കുമെന്നതും അറ്റക്കുറ്റപണികള്‍ക്ക് വേണ്ടിവരുന്ന ചെലവ് വളരെ കുറവാണെന്നതും കോണ്‍ക്രീറ്റു റോഡുകളുടെ പ്രത്യേകതയാണ്. പരമ്പരാഗത രീതിയില്‍ റോഡുകള്‍ സംരക്ഷിക്കുന്നത് ഭാവിയില്‍ കേരളത്തിന് കനത്ത നഷ്ടമാകും ഉണ്ടാക്കുക. ഇതുമുന്നില്‍ കണ്ടാണ് പൊതുമരാമത്ത് വകുപ്പ് പുതിയ രീതികളിലേക്ക് മുന്നേറിയത്. വാഹനപ്പെരുപ്പവും, ചരക്കുവണ്ടികളുടെ അമിതഭാരവും താങ്ങാന്‍ പഴയരീതിയില്‍ നിര്‍മിച്ച റോഡുകള്‍ക്ക് കഴിയില്ല. പുതുസങ്കേതങ്ങള്‍ അവലംബിച്ച് മാത്രമേ, പ്രതിസന്ധി മറികടക്കാന്‍ കഴിയൂ. കാലത്തിനൊപ്പം കേരളത്തെയും മുന്നോട്ടുനയിച്ചുവെന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ വലിയ നേട്ടം.

സംസ്ഥാനത്ത് വിവിധ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും അധീനതയിലുള്ള റോഡുകള്‍ പുനരുദ്ധരിക്കുന്നതിലും വകുപ്പ് സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത്. ഒറ്റ തവണ പുനരുദ്ധാരണ പദ്ധതി പ്രകാരം ഏറ്റെടുത്ത 95 ശതമാനം റോഡുകളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പിന് സാധിച്ചു. പദ്ധതി പ്രകാരം 917.96 കോടി രൂപ അനുവദിച്ചു. ഗ്രാമീണ നഗര മേഖലകളിലെ ഏകദേശം 5000 റോഡുകളാണ് ഒറ്റത്തവണ പദ്ധതി പ്രകാരം പൊതുമരാമത്ത് വകുപ്പ് പുതുക്കിയത്.

സംസ്ഥാന റോഡ് വികസന പദ്ധതി, കെ.എസ്.ടി.പി പദ്ധതി എന്നിവ സംസ്ഥാനത്തെ റോഡ് വികസനത്തില്‍ പുതിയ നാഴികക്കല്ലാണ്. ഡോ. എം.കെ മുനീര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലയളവിലാണ് കെ.എസ്.ടി.പി പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്. ആദ്യഘട്ടം സംസ്ഥാന പാതയില്‍ തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയാണ് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2403 കോടി രൂപയുടെ കെ.എസ്.ടി.പി. രണ്ടാം ഘട്ട പദ്ധതിക്ക് ലോക ബാങ്ക് ധനസഹായം നേടിയെടുക്കാന്‍ കഴിഞ്ഞു. ഈ പദ്ധതിയില്‍പെടുത്തി കേരളത്തിലെ തെരഞ്ഞെടുത്ത 363 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 6 റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുന്ന പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരികയാണ്. 2018 സെപ്തംബര്‍ മാസം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുമൂലം പൊതുജനങ്ങള്‍ക്ക് സുഗമ യാത്രാ സൗകര്യം കിട്ടുന്നതിലുപരി സംസ്ഥാനത്തിന്റെ സാമൂഹികവും വ്യാവസായികവുമായ വളര്‍ച്ചക്ക് വളരെയേറെ ഗുണകരമാകുന്നതാണ്.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹൈവേകളുടെയും മേജര്‍ ജില്ലാ റോഡുകളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സംസ്ഥാന റോഡ് വികസന പദ്ധതി. മെച്ചപ്പെട്ട റോഡുകള്‍ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യപടിയായി 83 കിലോമീറ്റര്‍ നീളം വരുന്ന നാല് റോഡുകള്‍ വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 209 കോടി രൂപ അടങ്കല്‍ തുക പ്രതീക്ഷിക്കുന്നതാണ് പദ്ധതി.

റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച പൊതുമരാമത്ത് വകുപ്പ് റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണത്തിലും വലിയ നേട്ടമുണ്ടാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമരാമത്ത് വകുപ്പ് 17 റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ മേല്‍പ്പാലങ്ങള്‍ റെയില്‍വേ ഗേറ്റില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കാത്തുകിടക്കേണ്ടി വന്നിരുന്ന പതിനായിരക്കണക്കിന് മനുഷ്യര്‍ക്കാണ് സമയലാഭം ഉണ്ടാക്കികൊടുത്തത്. 245 കോടി രൂപ ചെലവിലാണ് 17 റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിച്ചത്.

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി യാത്രക്കാരുടെ സഹായത്തിനായി പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ മൂന്ന് പദ്ധതികളാണ് ഈസി ക്യൂ, ആശ്വാസ് പബ്ലിക്ക് അമിനിറ്റി സെന്ററുകള്‍, പ്രതീക്ഷ ബസ് ഷെല്‍ട്ടര്‍ എന്നിവ.

ഇലക്‌ട്രോണിക് ചിപ്പ് ഉപയോഗിച്ച് ഓട്ടോകളെ തിരിച്ചറിയാനും നിയന്ത്രിക്കാനും പൊലീസിനെ സഹായിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യത്തെ സംരംഭമാണ് ഈസി ക്യൂ. 2013 ജൂലൈ അഞ്ചിനാണ് പദ്ധതി ആരംഭിച്ചത്. ഈ സംവിധാനത്തിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലെ പെര്‍മിറ്റുള്ള 4000 ഓട്ടോകളില്‍ ഇലക്‌ട്രോണിക് ചിപ്പുകള്‍ പതിപ്പിച്ച കാര്‍ഡുകള്‍ പിടിപ്പിച്ചു. ഈ ചിപ്പില്‍ വാഹനത്തിന്റെ നമ്പര്‍, പെര്‍മിറ്റ് നമ്പര്‍, ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടാകും. ഈ കാര്‍ഡുകള്‍ പതിപ്പിച്ച ഓട്ടോറിക്ഷകള്‍ റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറില്‍ എത്തുമ്പോള്‍ അവിടത്തെ കമ്പ്യൂട്ടറില്‍ സ്വമേധയാ ഓട്ടോറിക്ഷയുടെ വിവരങ്ങള്‍ പതിയുന്നു. ഓട്ടോറിക്ഷയുടെ വിവരവും പോകുന്ന സ്ഥലവും അതിനുള്ള ചാര്‍ജും രേഖപ്പെടുത്തിയ പകര്‍പ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നു.

യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ആരംഭിച്ചതാണ് പ്രതീക്ഷ ബസ് ഷെല്‍ട്ടറുകള്‍. ആദ്യഘട്ടമെന്ന നിലയില്‍ 84 ബസ് ഷെല്‍ട്ടറുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ദിനംപ്രതി 25 ലക്ഷത്തോളം ജനങ്ങള്‍ യാത്ര നടത്തുന്ന സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ നടപ്പാക്കുന്ന 'പ്രതീക്ഷ' പി.പി.പി മാതൃകയിലാണ് നടപ്പാക്കക്കിയത്. സംസ്ഥാനത്തുടനീളം ഏഴായിരത്തോളം ബസ് ഷെല്‍ട്ടറുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ദീര്‍ഘദൂര യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ വൃത്തിയും വെടിപ്പുമുള്ള ടോയ്‌ലെറ്റ് സൗകര്യങ്ങളോടുകൂടിയ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സ്ഥാപിച്ച കമ്പനിയാണ് ആശ്വാസ് പബ്ലിക്ക് അമിനിറ്റീസ്. പൊതു ടോയ്‌ലെറ്റുകളെ കുറിച്ച് നിലവിലുള്ള ധാരണ മാറ്റാനുതകുന്ന വിധത്തില്‍ ഭംഗിയായ രൂപകല്‍പനയില്‍ കൃത്യമായ പരിപാലനവും ഉറപ്പുവരുത്തി കോഫി ഷോപ്പ്, മെമന്റോ ഷോപ്പ്, എ.ടി.എം, പാര്‍ക്ക്, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളോടെ സംസ്ഥാനത്ത് അരൂര്‍, പെരുമ്പാവൂര്‍, തിരൂര്‍, കാലടി, ചെങ്ങന്നൂര്‍, കുളനട എന്നീ സ്ഥലങ്ങളില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
കടപ്പാട് ചന്ദ്രിക ദിനപത്രം

No comments :

Post a Comment