, سهيل بن محمد، كلتوري
,
سلام على من اتّبع الهدى

Friday, April 1, 2016

മാറേണ്ട വികസന കാഴ്ചപ്പാടുകള്‍ മാറ്റിയെഴുതേണ്ട പ്രകടന പത്രികകള്‍


നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ പ്രകടന പത്രികകള്‍ ഒരുക്കലായി. പഴയകാല പ്രകടനപത്രികകളുടെ തനിയാവര്‍ത്തനം തന്നെയായിരിക്കും പലതും. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നിരത്തപ്പെട്ട എത്രയെത്ര പ്രകടനപത്രികകള്‍ തെരഞ്ഞെടുപ്പുകളിലൂടെ ഒഴുകിപ്പോയി. വോട്ടര്‍മാരെ വശീകരിക്കാനുള്ളതാണ് പ്രകടന പത്രികകള്‍. നടപ്പാക്കാനുള്ളതല്ലെന്ന് തയാറാക്കുന്നവര്‍ക്ക് തന്നെ നല്ല നിശ്ചയമാണ്. വഴിപാടുകള്‍ പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോരോ തെരഞ്ഞെടുപ്പുകളിലെയും പ്രകടനപത്രികകള്‍.
എല്ലാറ്റിലും കാണുന്ന സമാനത നാടിന്റെ വികസനത്തെക്കുറിച്ചായിരിക്കും. വികസനമെന്നത് വര്‍ത്തമാനകാലത്ത് അഴിമതിയുടെ പര്യായ പദമായിരിക്കുന്നു.
ഒരു വാര്‍ഡില്‍ റോഡുപണി നടക്കുകയാണെങ്കില്‍ വിവിധതലങ്ങളിലേക്കാണ് അഴിമതിപ്പണം ഒഴുകുന്നത്. നീക്കിവച്ച ബാക്കി തുക കൊണ്ട് റോഡ് പണിയിക്കുന്നു. പണി കഴിയുമ്പോഴേക്കും അവ തകര്‍ന്നുപോകുന്നു. വാര്‍ഡ് മെമ്പര്‍ക്ക്, റോഡുപണിയുടെ കണ്‍വീനര്‍ക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്യൂണ്‍ മുതല്‍ മുകളിലുള്ളവര്‍ക്ക്, റോഡ് അളക്കാന്‍ വരുന്ന എന്‍ജിനീയര്‍ക്ക് എല്ലാവര്‍ക്കും വീതിച്ചു കൊടുക്കുന്നതിന്റെ ബാക്കി തുകകൊണ്ട് വളരെ വിദഗ്ധമായി കരാറുകാരന്‍ റോഡുപണി പൂര്‍ത്തിയാക്കുന്നു. റോഡും പാലങ്ങളും നിര്‍മിക്കലാണ് വികസനത്തിന്റെ അടിത്തറയെന്ന ഉദ്‌ബോധനം നടക്കുന്നത് വെറുതെയല്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളുമാണ് വികസനമെന്ന കാഴ്ചപ്പാട് മാറേണ്ടിരിയിക്കുന്നു. മാനിഫെസ്‌റ്റോകള്‍ തിരുത്തിയെഴുതപ്പെടേണ്ട ഒരു കാലവും കൂടിയാണിത്.
വികസനമെന്നത് തോടും തണ്ണീര്‍തടങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തലല്ല എന്ന ബോധ്യത്തിലേക്ക് സമൂഹം എത്തേണ്ടിയിരിക്കുന്നു. മരുഭൂമിയിലെന്നപോലെയാണ് ഒരുകാലത്ത് മിതശീതോഷ്ണ മേഖലയായിരുന്ന കേരളത്തില്‍ ജനങ്ങള്‍ ഇന്ന് ജീവിക്കുന്നത്. വറചട്ടിയില്‍ വെന്തുരുകുന്ന ഒരു സമൂഹമായി, ടൂറിസം വകുപ്പ് കൊട്ടിഘോഷിക്കുന്ന 'ദൈവത്തിന്റെ നാട്ടിലെ' ജനങ്ങള്‍ മാറിക്കഴിഞ്ഞു. ഇതിന്റെ മൂലകാരണമാകട്ടെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയും. വികസനത്തിന്റെ പേരില്‍ നാട്ടിലെ മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കാനും, കുളങ്ങളും തോടുകളും തണ്ണീര്‍ത്തടങ്ങളും നികത്താനും അഹമഹമികയാ മുന്നിട്ടിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും. മണ്ണിനെയും മനുഷ്യരെയും മറന്നുകൊണ്ടുള്ള പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിച്ചുകൊണ്ട് മുന്നേറുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയുക തന്നെ വേണം. അതിന് വേണ്ടി വാദിക്കുവാന്‍ ജനപ്രതിനിധികള്‍ തയാറാകണം.
ടൂറിസം വകുപ്പിന്റെ മുദ്രാവാക്യത്തില്‍ ദൈവത്തിന്റെ നാടെന്ന വിശേഷിപ്പിക്കപ്പെട്ട നാട് ശപിക്കപ്പെട്ട നാടായി മാറുവാന്‍ ഇങ്ങനെ പോയാല്‍ ഏറെ കാലം കാത്തിരിക്കേണ്ടിവരില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകളില്‍ പ്രകൃതി സംരക്ഷണത്തിന് പ്രധാന്യം നല്‍കേണ്ടിയിരിക്കുന്നു. ഭരണം കിട്ടിയാല്‍ അത് പ്രാവര്‍ത്തികമാക്കുകയും വേണം.
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ ഒരളവോളം ഉത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണ്. അതീവ ഗുരുതരമായ പ്രശ്‌നമായി കാലാവസ്ഥാ വ്യതിയാനം ഇന്ന് മാറിക്കഴിഞ്ഞു. മഴക്കാലം തീരുന്നതോടെ നദികളിലെയും തോടുകളിലെയും വെള്ളം വറ്റുന്നു. അനിയന്ത്രിതമായ മണലൂറ്റലാണ് ഇതിന് കാരണം. രൂക്ഷമായ കുടിവെള്ള ക്ഷാമവും ഇത് മൂലം അനുഭവപ്പെടുന്നു. പാടങ്ങള്‍ മണ്ണിട്ടു നികത്തുവാന്‍ കണ്ണടച്ച് അനുവാദം നല്‍കുന്ന വില്ലേജ് ഓഫിസര്‍മാരും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രാഷ്ട്രീയക്കാരും ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് തണലായി നില്‍ക്കുന്നത് അതതിടങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. കായല്‍പാടങ്ങള്‍ മണ്ണിട്ടുനികത്താന്‍ അനുമതി നല്‍കുന്നത്് ഭരണകര്‍ത്താക്കള്‍ ഒരു ജനതയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഇത്തരം തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളെ വോട്ടര്‍മാര്‍ തിരിച്ചറിയണം. പ്രതികരിക്കണം.
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അന്തരീക്ഷ മലിനീകരണം നടത്തുന്ന വ്യവസായങ്ങള്‍ ഇനി കേരളത്തിന് അനുയോജ്യമല്ലെന്നും പുകക്കുഴലുകളില്ലാത്ത ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് ഉയര്‍ന്നു വരേണ്ടതെന്നും ചാനല്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും ആവര്‍ത്തിക്കുന്നത് വിസ്മരിക്കുന്നില്ല. പരിസ്ഥിതി നാശത്താല്‍ കേരളമെന്ന കൊച്ചു നാട് ഇന്നൊരു ദുരന്തമുഖത്താണ്. കേരളത്തിലെ പ്രകൃതി നാശത്തെക്കുറിച്ച് ബോധ്യപ്പെട്ട ഏതാനും എം.എല്‍.എമാര്‍ ഹരിത രാഷ്ട്രീയത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങിയത് പ്രതീക്ഷാ നിര്‍ഭരമായിരുന്നു. വി.ഡി. സതീശന്‍ എം.എല്‍.എ, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ഹരിത രാഷ്ട്രീയമെന്ന ഒരു ചിന്താ പ്രസ്ഥാനം തന്നെ രൂപമെടുത്തിരുന്നു. ചില പ്രവര്‍ത്തനങ്ങള്‍ അവരില്‍ നിന്നും ഉണ്ടായതുമാണ്. എന്തുകൊണ്ടോ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ജനങ്ങളെ ഇത്തരം വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമുണ്ടായില്ല.
44 പുഴകളായിരുന്ന ഈ സംസ്ഥാനത്തിലൂടെ ഒരുകാലത്ത് നിര്‍മലജലവാഹിനികളായി ഒഴുകിയിരുന്നത്. മലിനീകരണം ആ പുഴകളെ അപ്രത്യക്ഷമാക്കി. കേരളം നിലനില്‍ക്കുന്നത് പശ്ചിമഘട്ട ഗിരിശൃംഗങ്ങളാലാണ്. അവയും നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടു നല്‍കിയ ഗാഡ്ഗിലിനെ നാടുകടത്തി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മുന്‍കാല പ്രകടനപത്രികകള്‍ക്കൊപ്പം ചവറ്റുകൊട്ടയില്‍ എറിഞ്ഞിരിക്കാം. കാലവര്‍ഷത്തിന്റെ തോത് കുറയുമെന്നും വേനല്‍മഴ അപ്രത്യക്ഷമാകുമെന്നും ചൂട് ഇനിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷകരും ജലവിഭവ ശാസ്ത്രജ്ഞരും മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
ശുദ്ധജലത്തിന് വേണ്ടിയായിരിക്കും മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുക എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ ചിരിച്ചു തള്ളി. ഇന്നത് നടുക്കുന്ന യാഥാര്‍ഥ്യമായി മുന്നില്‍ വന്നു നില്‍ക്കുന്നു. ഇത്തരമൊരവസരത്തില്‍ പ്രകൃതിയെ നശിപ്പിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
കടപ്പാട് : സുപ്രഭാതം ദിനപത്രം

No comments :

Post a Comment