, سهيل بن محمد، كلتوري
,
سلام على من اتّبع الهدى

Friday, April 1, 2016

യതീംഖാനകള്‍ക്കുനേരെയുള്ള കടന്നാക്രമണം.......

യതീംഖാനകള്‍ക്കുനേരെയുള്ള കടന്നാക്രമണം ചെറുക്കണം
അനാഥാലയങ്ങള്‍ അടച്ചുപൂട്ടപ്പെടുന്ന കേന്ദ്ര ബാലനീതി നിയമഭേദഗതിയെ വിവിധ സമുദായങ്ങള്‍ നടത്തുന്ന അനാഥാലയ സംഘടനാ ഭാരവാഹികള്‍ ഒന്നിച്ചെതിര്‍ക്കേണ്ട സമയമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബാലനീതി നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധൃതിപിടിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. കര്‍ശന നിര്‍ദ്ദേശങ്ങളടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ മേലില്‍ പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍ ഇവയത്രയും അപ്രായോഗികമാണുതാനും. ജൂലൈ 15 നകം സാമൂഹിക നീതി വകുപ്പില്‍ ഓര്‍ഫനേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒരുപടികൂടി കടന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത് ജൂണ്‍ 15 നകം എന്നാക്കി മാറ്റിയത് തീര്‍ത്തും ദുരൂഹമാണ്. ഇതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളും യതീംഖാനകളും അടച്ചുപൂട്ടിക്കുക എന്നത് തന്നെയാണ്. മാര്‍ച്ച് 15 നാണ് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 15 നകം സ്ഥാപനങ്ങള്‍ സാമൂഹികനീതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും ബാലനീതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി റദ്ദ് ചെയ്ത് ഉടനെ ജൂണ്‍ 15 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത് എന്തിനാണ്?
പുതിയ നിര്‍ദ്ദേശം നടപ്പിലാക്കിയില്ലെങ്കില്‍ 2016 ജൂണ്‍ 16 മുതല്‍ കേസെടുക്കുമെന്നും സ്ഥാപനം അടച്ചുപൂട്ടാന്‍ നടപടിയെടുക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുണ്ട്. രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ വകുപ്പ്തല നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബാലനീതി നിയമം ദര്‍സ് പോലുള്ള മതസ്ഥാപനങ്ങളെയും മതഭൗതിക സമന്വയ സ്ഥാപനങ്ങളായ അനാഥശാലകളെയും അഗതി മന്ദിരങ്ങളെയും അടച്ചുപൂട്ടിക്കാനുള്ളതാണെന്ന് ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞതാണ്. അതിലേക്ക് ഒരു മാസത്തെ മുന്‍കൂര്‍ അടച്ചുപൂട്ടല്‍ ഭീഷണിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. നിയമപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നറിഞ്ഞുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തിന് തല്‍പരകക്ഷികളെ പ്രേരിപ്പിച്ചതിന്റെ ചേതോവികാരം തിരിച്ചറിയണം.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ജൂണ്‍ 16 ന് തന്നെ സ്ഥാപന മേധാവികള്‍ക്കെതിരെ കേസെടുക്കുവാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനാധികാരികള്‍ക്ക് ഒരു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് അനുശാസിക്കുന്നത്. രജിസ്‌ട്രേഷന് താമസം വരുന്ന ഓരോ മാസത്തിനും ഒരു പുതിയ കേസായി പരിഗണിക്കും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും നിലവില്‍ ലഭിക്കുന്ന ഗ്രാന്റും സര്‍ക്കാര്‍ സബ്‌സിഡിയും നിര്‍ത്തലാക്കപ്പെടാനും വ്യവസ്ഥയുണ്ട്. ജില്ലാതല ശിശുക്ഷേമ സമിതികള്‍ വഴിമാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാനാവൂ. ഇതുവഴി പ്രവേശനത്തിന് സ്ഥാപനത്തിന് നിലവിലുള്ള അധികാരം ഇല്ലാതാകും. 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ഏറ്റവും കുറഞ്ഞത് 25 ജീവനക്കാരെങ്കിലും വേണം. 18 വയസ്സിന് താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഈ നിയമം ബാധകമാണെന്നിരിക്കെ പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ദര്‍സുകള്‍ക്കും ഇത് ബാധകമായിത്തീരും. ദര്‍സുകളടക്കമുള്ള മതസ്ഥാപനങ്ങളും അനാഥ- യതീംഖാനകളും അടച്ചുപൂട്ടിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹിഡണ്‍ അജണ്ട തന്നെയാണ് ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്തുത്യര്‍ഹമായ രീതിയിലാണ് കേരളത്തിലെ യതീംഖാന- അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലൂടെ പഠിച്ച് വളര്‍ന്നുവരുന്ന കുട്ടികള്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും അഭിമാനമായി തീരുകയും അവര്‍ ഉയര്‍ന്ന നിലയില്‍ എത്തിച്ചേരുകയും സ്വതന്ത്ര ചിന്താഗതിക്കാരും മതശാസനകള്‍ക്കനുസരിച്ച് ജീവിക്കുന്നവരായി മാറുകയും ചെയ്യുന്നു. ഇത് തന്നെയാണ് കേന്ദ്രസര്‍ക്കാരിനെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ ഉത്സുകരാക്കുന്നത്. എല്ലാ മതചിഹ്നങ്ങളെയും ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിയെയും തകര്‍ക്കുക എന്നത് തന്നെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്. യതീംഖാനകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും ഇതേ രീതിയില്‍ വേണം കാണാന്‍. ജെ.എന്‍.യുവിലും ഹൈദരാബാദ് യൂനിവേഴ്‌സിറ്റികളിലും പഠിച്ച് വളര്‍ന്ന് മിടുക്കരായിത്തീരുന്ന സ്വതന്ത്ര ചിന്താഗതിക്കാരായ ന്യൂനപക്ഷ വിഭാഗത്തിലെയും ദലിത് വിഭാഗങ്ങളിലെയും കുട്ടികളെ മുളയിലെ നുള്ളിക്കളയാനും അവിടം ഫാസിസത്തിനു വിത്തുപാകാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഈ രണ്ട് സര്‍വകലാശാലകളെയും നശിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. സ്റ്റൈപന്റും സ്‌കോളര്‍ഷിപ്പും നേടി പഠിച്ച് മിടുക്കരായിത്തീരുന്ന പിന്നാക്കവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന് വരുമ്പോള്‍ സ്വതന്ത്ര ചിന്താഗതിയും ജനാധിപത്യ ബോധവുമുള്ളവരുമായിത്തീരും. അവര്‍ ഫാസിസത്തെ ചെറുത്ത് തോല്‍പിക്കുക തന്നെ ചെയ്യുമെന്ന് സംഘ്പരിവാര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഹൈദരാബാദ് സര്‍വകലാശാലയെയും ജെ.എന്‍.യുവിനെയും നശിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതിന്റെ മറ്റൊരു രീതിയാണ് കേരളത്തില്‍ യതീംഖാനക്കു നേരെ പ്രയോഗിക്കുന്നത്. യതീംഖാനകളില്‍നിന്ന് പഠിച്ച് മിടുക്കരായി വളര്‍ന്നുവന്ന പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ ഉയര്‍ന്ന സ്ഥാപനങ്ങളിലെത്തുന്നത് തടയുക എന്നത് തന്നെയാണ് ഇതിന് പിന്നിലെ അജണ്ട. യതീംഖാനകളുടെ വാതിലുകള്‍ കൊട്ടിയടക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന് അവരുടെ ലക്ഷ്യം സാധൂകരിക്കാമെന്ന് കരുതുന്നു. അതിനാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരും പിന്തുണ നല്‍കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സമസ്തയുടെ കീഴിലുള്ള സ്ഥാപന ഭാരവാഹികളുടെ യോഗം കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന് സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗം ഇതര സമുദായ സംഘടനാ ഭാരവാഹികളുടെ സഹായത്തിനായും അഭ്യര്‍ഥിച്ചിരിക്കുകയാണ്. സംയുക്തമായ ഒരു മുന്നേറ്റത്തിലൂടെ മാത്രമേ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനാഥലയ- അഗതി മന്ദിരങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമത്തെ ചെറുത്ത് തോല്‍പിക്കാന്‍ കഴിയൂ.

COURTESY : SUPRABHATHAM DAILY 

No comments :

Post a Comment