, سهيل بن محمد، كلتوري
,
سلام على من اتّبع الهدى

Saturday, April 2, 2016

ഇ -ലോകം, ഇ -മാലിന്യം


ഇ -ലോകം, ഇ -മാലിന്യം


സാങ്കേതികമായി മാനവകുലം ആര്‍ജിച്ച വിപ്ലവകരമായ മുന്നേറ്റം പ്രകൃതിയില്‍ ഏല്‍പ്പിച്ച ആഘാതം അതിവിപുലമായി ചര്‍ച്ച ചെയ്യുന്ന കാലമാണിത്. മുമ്പ് പരിസ്ഥിതിയെക്കുറിച്ചുള്ള വേവലാതികള്‍ അതിനെക്കുറിച്ച് ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യുന്ന ചെറുന്യൂനപക്ഷത്തിന്റെ മാത്രം കാര്യമായിരുന്നു. എന്നാല്‍, ഇന്ന് മുഴുവന്‍ മനുഷ്യരും പരിസ്ഥിതി വിനാശത്തിന്റെ ഭീകരതയെക്കുറിച്ച് ബോധവാന്മാരാണ്. അത്യുഷ്ണവും അതിശൈത്യവും പേമാരിയും മഴയില്ലായ്മയും സുനാമി, ഭൂചലനം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളും നേരിട്ട് അനുഭവിക്കുമ്പോള്‍ എല്ലാ അഹംബോധങ്ങളും അസ്തമിച്ച് വിനീതനാകാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകുന്നു. ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ ഉച്ചകോടികള്‍ക്ക് വലിയ പ്രധാന്യം കൈവരുന്നതും അവിടെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ലോകം മുഴുവന്‍ കാതോര്‍ക്കുന്നതും. അന്താരാഷ്ട്ര തലത്തില്‍ നിരവധി ഗൗരവതരമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. രാഷ്ട്രങ്ങള്‍ കൂട്ടായി നടപ്പാക്കേണ്ട ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നുമുണ്ട്. ഇത്തരം ചര്‍ച്ചകളുടെ നല്ല പങ്കും ഇന്ന് ഊന്നുന്നത് മാലിന്യ സംസ്‌കരണത്തിലാണ്. അന്തരീക്ഷ മലിനീകരണം, ജലമലിനീകരണം, ശബ്ദ മലിനീകരണം, ആണവ നിലയങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം തുടങ്ങിയവയിലൂന്നിയാണ് തീരുമാനങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ ദിശയില്‍ ഏറ്റവും പുതിയ ചുവടുവെപ്പുകള്‍ വരുന്നത് ഇ മാലിന്യങ്ങളുടെ കാര്യത്തിലാണ്. ടെലിവിഷന്‍, അലക്കുയന്ത്രം, ശീതീകരണികള്‍, മൈക്രോവേവുകള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ ഉത്പന്നങ്ങളായ ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങി ഉപയോഗ ശൂന്യമായ ഏതൊരു ഇലക്‌ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണവും ഇ മാലിന്യമായി കണക്കാക്കാം. 2014ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം 17 ലക്ഷം ടണ്‍ ഇ മാലിന്യം ഉണ്ടാകുന്നു. ഒരോ വര്‍ഷവും ഇ മാലിന്യത്തില്‍ നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ് വര്‍ധനവ്. ഇ മാലിന്യങ്ങളെ കുറിച്ച് രാജ്യത്തെ മലിനീകരണ നിയന്ത്രണ വിഭാഗം ചിന്തിച്ച് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. 2011ലാണ് ഇ മാലിന്യ നിയന്ത്രണ ചട്ടം നടപ്പാക്കിയത്. ബള്‍ബ് ട്യൂബ്‌ലൈറ്റ് എന്നിവ ഇതിന്റെ പരിധിയില്‍ ഉണ്ടായിരുന്നില്ല. ഇ മാലിന്യ നിര്‍വചനത്തില്‍ സി എഫ് എല്‍, മെര്‍ക്കുറി വിളക്കുകളെ ഉള്‍പ്പെടുത്തിയും ഇ മാലിന്യ ശേഖരണത്തിന് കര്‍ശന നിബന്ധനകളേര്‍പ്പെടുത്തിയും ചട്ടങ്ങള്‍ പരിഷ്‌കരിച്ചും കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനമിറക്കിയിരിക്കുകയാണ്. മൊബൈല്‍ ഫോണുകള്‍, കമ്പൂട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപകമാകുകയും പുരോഗതിയുടെ നിദര്‍ശനമായി അത് മാറുകയും ചെയ്യുമ്പോള്‍ ഇ മാലിന്യത്തിന്റെ കാര്യത്തില്‍ കര്‍ശന ചട്ടങ്ങള്‍ വരുന്നത് എന്തുകൊണ്ടും ആശാവഹമാണ്. അതത് ഉപകരണങ്ങളുടെ ഉത്പാദകര്‍ തന്നെ അവ ഉപയോഗശൂന്യമാകുമ്പോള്‍ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയാണ് പുതിയ ഇ മാലിന്യ പരിപാലന ചട്ടത്തിന്റെ സവിശേഷത. ഇങ്ങനെ തിരിച്ചെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരും. ഉപഭോക്താവ് വാങ്ങുന്ന ഇലക്ട്രിക്- ഇലക്‌ട്രോണിക് ഉത്പന്നം ഉപയോഗ ശൂന്യമായാല്‍ അത് വാങ്ങിയ വഴിയിലൂടെ തന്നെ തിരിച്ച് ഉത്പാദകരിലെത്തിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഇങ്ങനെ ശേഖരിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത സംസ്‌കരണ സംവിധാനത്തില്‍ തന്നെ സംസ്‌കരിക്കണം. ഉപയോഗശൂന്യമായ ഉത്പന്നങ്ങള്‍ ശേഖരിച്ച് അംഗീകൃത സംസ്‌കരണ ശാലകളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം ഉത്പാദകരില്‍ നിക്ഷിപ്തമാക്കുന്നുവെന്നതാണ് 2011ലെ ചട്ടത്തില്‍ നിന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതുതായി കൊണ്ടുവന്ന ഇ മാലിന്യ പരിപാലന ചട്ടത്തെ വ്യത്യസ്തമാക്കുന്നത്. സാധനങ്ങള്‍ വില്‍ക്കുന്ന സമയത്ത് ഉപഭോക്താക്കളില്‍ നിന്ന് ഇ മാലിന്യ സംസ്‌കരണ തുക ഈടാക്കാം. ഉപയോഗ ശൂന്യമായവ അവ വാങ്ങിയ കടയില്‍ തിരിച്ചെത്തിക്കുമ്പോള്‍ ഈ തുക പലിശ സഹിതം തിരിച്ചു നല്‍കണം. ഈ ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കു നിര്‍വഹിക്കാനുണ്ടെന്ന് ചട്ടം വ്യക്തമാക്കുന്നു. പുതിയ വ്യവസായ പാര്‍ക്കുകളില്‍ ഇ മാലിന്യ ശേഖരണത്തിന് പ്രത്യേക ഇടം സജ്ജമാക്കണം. കുമിഞ്ഞു കൂടുന്ന ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പരിസ്ഥിതി വിനാശത്തിന്റെ അപകടമണി മുഴക്കുമ്പോള്‍ നിയമം കര്‍ക്കശമാകേണ്ടത് തന്നെയാണ്. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാകും എന്ന ചോദ്യം പ്രസക്തമാണ്. ഉപഭോക്താക്കളില്‍ നിന്ന് സംസ്‌കരണ തുക ഈടാക്കുന്നതും അത് തിരികെ നല്‍കുന്നതും ആശയക്കുഴപ്പമുണ്ടാക്കും. ആവശ്യത്തിന് അംഗീകൃത സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും ചട്ടങ്ങള്‍ ഏട്ടിലെ പശുവാകും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കെടുതികള്‍ നിയന്ത്രിക്കാന്‍ കൊണ്ടു വന്ന ചട്ടങ്ങളൊന്നും പൂര്‍ണവിജയമായില്ലെന്നോര്‍ക്കണം. കേരളം പോലുള്ള ജീവിതനിലവാരം ഏറെ ഉയര്‍ന്ന ഉപഭോക്തൃ സംസ്ഥാനത്ത് ഇ മാലിന്യങ്ങളുടെ ഭീഷണി അതിശക്തമാണ്. മാലിന്യ നിര്‍മാര്‍ജനത്തില്‍ പൊതുവേയുണ്ടാകേണ്ട പൗരബോധം തന്നെയാണ് ഇ മാലിന്യങ്ങളുടെ കാര്യത്തിലും അനിവാര്യമായിട്ടുള്ളത്. ചട്ടങ്ങള്‍ പാലിക്കാനുള്ള ജാഗ്രത ഓരോരുത്തരിലുമുണ്ടാകണം. സാങ്കേതിക വികാസത്തെ തടഞ്ഞു നിര്‍ത്താനോ നിരാകരിക്കാനോ നമുക്കാകില്ല. അത് ശരിയുമല്ല. എന്നാല്‍ ഈ ഇ- വികാസം കെടുതികളെ ബുദ്ധിപൂര്‍വം നേരിട്ടേ തീരൂ. ഒന്നാലോചിക്കണം. വെള്ളമില്ലാതെ വാട്ടര്‍ പ്യൂരിഫയര്‍ ഉണ്ടായിട്ട് കാര്യമില്ല.

No comments :

Post a Comment